Thursday, May 27, 2010

അങ്ങനെ ടോട്ടോ യും ..........

ന്നത്തെ വാര്‍ത്ത‍ ................................................
എന്റെ പ്രിയ സുഹൃത്ത്‌ ടോട്ടോ വിവാഹിതനാകാന്‍ തീരുമാനിച്ചു .... എതരിഒജ ഞാന്‍ ങള്‍ ഫ്രണ്ട്സ് എല്ലാവരും ആശ്ചര്യ പെട്ടുപോയ്

ഇനി ബാക്കി ........ ഷിനോദ് ഇന്റെ ബ്ലോഗ്‌ ഇല്‍ നിന്നും ( കടപ്പാട് - ഇത്തിരി -ടൊട്ടോയ്ക്കൊരു വേളി -shinod N.K )

ആത്മാർത്ഥത അകളങ്കസ്നേഹം വാനിറച്ചും മുറുക്കാനും കവിതയും ആവശ്യത്തിലും അതിലേറെയും വങ്കത്തരം. അറിയാതെ പോലും സമയത്തിനെത്താതിരിക്കല്‌, ഇത്തരം വിശിഷ്ടഗുണങ്ങൾക്ക് വിദ്യാപീഠത്തിലെ പീഠമായിരുന്നു ഞങ്ങളൂടെ നമ്പു. ശ്രീ ശങ്കര വിദ്യാപീഠം കോളേജ്, ഐരാപുരത്ത് നിന്നും(SSV-സദാ സമര വിദ്യാപീഠം )നൂറുശതമാനം വിജയത്തോടെ പുറത്ത് ചാടിയ ആദ്യ ഫിസിക്സ് ബാച്ചിലെ എണ്ണം പറഞ്ഞ വിദ്വാൺ.കാലം 2002-2005.ഞങ്ങടെ ഭാഷയിലെ ഫൈറ്റർഫിസിക്സിന്റെ സ്വന്തം നമ്പു. യോഗക്ഷേമസഭക്കാര്‌ വേറെയും ഉണ്ടായിട്ടും നമ്പു എന്നും പൊട്ടൻ നമ്പു എന്നും പിന്നെ ചുരുങ്ങി ടൊട്ടോ എന്നും അറിയപ്പെടാൻ ഭാഗ്യം സിദ്ധിച്ചത് അവനാണ്‌. നമ്പുവിനൊരു വേളി. അതാണ്‌ ഈ എഴുത്തിന്റെ കേന്ദ്രം. അവനില്‌ ഇപ്പോളാരോപിക്കപ്പെട്ട ഗുണങ്ങളൊക്കെ കെട്ടുകഥകളല്ലെന്ന തെളിവോടെ തുടങ്ങാം. ആത്മാർത്ഥത-അതിന്‌ വേറെ പര്യായം

അന്നില്ലായിരുന്നു. ഒരമ്പലത്തില്‌ ഇഷ്ടന്‌ പൂജയുണ്ട്. പ്രസാദം കൊടുക്കലിലെ പ്രസാദാത്മകതയുടെ നാനാത്ഥത്ഥങ്ങ്ളേ കുറിച്ച് ശങ്കറ് എത്ര പറഞ്ഞിരിക്കുന്നു. പന്ത്യിയില്‌ പക്ഷഭേതമില്ലാതെ ഏവർക്കും ഫിസിക്സുകാരുടേതായ പേരിടാൽ കർമ്മത്തിന്റെ മുഖ്യകർമ്മിയായിരുന്നു ശങ്കറ് എന്നത് പ്രസ്താവ്യം. നമ്പുവിലേക്ക് വന്നാൽ എന്നു വച്ചാല്‌ ആള്‌ കോളേജിലേക്ക് വന്നാല്‌ അത് ആദ്യത്തെ രണ്ടവറ് കഴിഞ്ഞാകും. നടയടക്കുമ്പം വൈകും അതോണ്ടാണ്‌. നമ്പു തികഞ്ഞ ക്രിക്കറ്റ് പ്രേമി ആണ്‌. അപ്പൊപ്പിന്നെ ഉച്ചയ്ക് ക്ലാസ്സിലേക്ക് വരുമ്പം കോളേജ് ടീം(ഒരൊന്നൊന്നര ടീമത്രേ അത്) പരിശീലനത്തിന്‌ വെയില്‌ കൊള്ളൂന്നത് കണ്ടാല്‌ സഹിക്കാനൊക്വോ. നമ്പു മൈതാനത്തിലേക്ക്. നാട്ടിലേ ഏത് ക്രിക്കറ്റ് ടീമിലും ആളില്ലാത്ത ഏക വിഭാകം ഫീൾഡിങ്ങാന്ന് ഇന്ത്യൻ ടീമിനെ കാണുന്നോര്‌ക്ക് അറിയും. അവിടെയാണ്‌ നമ്പുവിന്റെ ആത്മാർത്ഥത വെളിവാകുക. ഒരോവറ്‌ ബാറ്റിങ്ങിനോ ബൌളിങ്ങിനോ വേണ്ടി ആ പൊരിവെയിലത്ത് അവൻ മൈതാനത്തിന്റെ വിവിധഭാഗങ്ങളീലേക്ക് ഒളിച്ച് പോകുന്ന പന്തിനെ ഓടിച്ചിട്ടോ തിരഞ്ഞോ പിടിക്കും-തിരിച്ചെത്തിക്കും. കോളേജ് ടീം സരസം സസുഖം കളിക്കും. ഞങ്ങടെ നമ്പു ഒരോവറ്‌ ചിലപ്പോ ബാറ്റ് ചെയ്യും. എന്തായാലും അവന്മാറ്ക്ക്‌ മടുത്താലൂം ഞങ്ങടെ മുത്ത് ബോള്‌ ചെയ്യും. കളിയോട് ആത്മാർത്ഥത അതാണ്‌ കാര്യം.(ദൊഷം പറയരുത് അവൻ സാമാന്യം നന്നായി ബാറ്റ് ചെയ്യും).

അടുത്ത ഉദാഹരണം. ഞങ്ങള്‌ മൂന്നാം വർഷത്തിലേക്കും ഡിപ്പർട്ട്മെന്റ് കോളെജിന്റെ മുന്നിലേക്കും വന്ന കാലം. നമ്പൂന്‌ മൂന്നു സുന്ദരിമാരോട് സ്നേഹം. ആരോടും കൂടുതലില്ല. കുറവും ഇല്ല. ഒരാള്‌ ഫിസിക്സ് കുടുമ്പത്തിലേത്. (അവനേക്കളിത്തിരി ഉയരക്കൂടുതല്‌ അവൾക്കുണ്ടായിരുന്നെന്നത് അവനിന്നും സമ്മതിക്കാത്ത ശാസ്ത്ര സത്യം). മറ്റ് രണ്ട്പേരും രസതന്ത്രഞ്ജകള്‌. ഏവരും ഒന്നാം വർഷം. നിഷ്കളങ്കവും ആത്മാർത്ഥവുമായ സ്നേഹത്തിന്‌ വേറെന്ത് നിദർശനം.കവിതയെഴുത്തില്‌ അവനായിരുന്നു രാജാവ്‌. മത്സരങ്ങൾക്ക് അരമണിക്കൂറ് വരെ താമസിച്ച് വരാമെന്നത് അവന്‌ വേണ്ടി ഉണ്ടാക്കിയ നിയമമത്രേ,"നേരിന്റെ മുന കൊണ്ട് നെഞ്ചകം മുറിയുമ്പോൾപോരാട്ടാവീര്യത്തെ നാം എങ്ങനെ ഗണിച്ചീടൂം" എന്നു കുരുക്ഷേത്രം എന്ന കവിതയിലും "എന്നും നിനക്കു പകരം തരും എന്റെ ഉള്ളിൽ ആറിത്തണുത്ത് രുചിയറ്റ നിവേദ്യപാത്രംമണ്ണിന്മനം പിറവി നൽകിയ വറ്ണ്ണ ജാലംഎന്നിഷ്ട്തൂലികയിൽന്നു പകറ്ന്നിടൂ നീ"

എന്ന് വേറൊരു കവിതയിലും അന്നേ എഴുതിയ കേമനാണ്‌. മുറുക്കാൻ വായിലിട്ട് കവിത ചൊല്ലുന്ന ദുശ്ശീലം അവനില്ലയിരുന്നു എന്നതും എന്നെ മുറുക്കു പഠിപ്പിച്ചു എന്നതും പ്രത്യേകം ഓർക്കേണ്ടതാണ്‌. മുറുക്കിനൊപ്പം സാമാന്യം നന്നായി ചായകുടിയും ഉള്ളതിനാല്‌ സംഖ്യ സാരമായിത്തന്നെ രാജുച്ചേട്ടനും തിരുമനസ്സിനും കൊടുക്കാൻ ഇഷ്ടാൻ ബാധ്യസ്ഥനാണ്‌. കോളേജിലെ ഞങ്ങടെ അന്നദാധാവ് എന്ന പദവി ഒന്നാം വർഷം നടത്തിയ കാന്റീനും തുടർന്നു ഇന്നുവരേക്കും അഭംഗുരം തുടരുന്ന പുറത്തെ ചായക്കടയും കൊണ്ട് രാജു ചേട്ടാൻ നേടിയെടുത്തതാണ്‌. ചായക്കടയെക്കുറിച്ച് പറഞ്ഞാല്‌ നമ്മള്‌ നമ്പുവിന്റെ വേളിയിലെത്താൻ വൈകും. തിരുമനസ്സാണ്‌ ശീതളപാനീയങ്ങളും മുറുക്കാനുമായി ഞങ്ങൾക്ക് കൂട്ട്. ഞങ്ങളില്‌ സാറാന്മാരും പെടൂം. മുറുക്കുന്ന സാറാന്മാർ ഇപ്പൊഴും റിട്ടയർമെന്റും കാത്ത് കോളേജിൽ ബാകിയാണ്‌.നമ്പുവിന്റെ സമയത്ത് വരായ്കയ്ക്ക് നല്ല മാതൃകയായി ഞങ്ങടെ നടാക്കാത്ത നാടകമുണ്ട്. ഒന്നാം വറ്ഷം നാടകം കളിക്കാൻ ചുമ്മാ തീരുമാനിച്ചു. ഇംഗ്ലീഷ് ക്ലാസ്സിലെ സുന്ദരിമാരെ ഉപേക്ഷിച്ച് ഞങ്ങള്‌ റിഹേഴ്സല്‌ ചെയ്തു. കഥ സംവിധാനം പിന്നീട്‌ തേള്‌ഗിലെന്ന് അറിയപ്പെട്ട നവീൻ. പണ്ടെന്നോ നാടകം കളിച്ചിട്ടുണ്ടെന്ന വാദബലത്തില്‌ നായകനായി നമ്പു. വില്ലനായി, തികഞ്ഞ് വിനയത്തോടെ പറയട്ടേ, ഈ ഞാനും. ആത്മാർത്ഥതയ്ക്ക് നമ്പുവിന്റെ ഏക എതിരാളിയായിരുന്നു തേള്‌ഗില്‌. പാടും വരക്കും എഴുതും അത്യാവശ്യം പഠിക്കും സർവ്വോപരി NCCകേഡറ്റും. അങ്ങനെ എല്ലാം കൊടുത്തിട്ടും ദൈവം ബോധം മാത്രം തേള്‌ഗിക്ക് കൊടുക്കാൻ മറന്നു എന്നാണ്‌ മുരളീമതം. കൂട്ടത്തില്‌ സ്വന്തം പേരിലറിയപ്പെടുന്ന ഏക മഹാനത്രേ മുരളി. ചിലപ്പോളൊക്കെ മുരളീടെ ആംഗലേയം ഫ്ലൂട്ടേന്നു ഞങ്ങളാല്‌ വിളിക്കപ്പെടുന്നതൊഴിച്ചാൽ പ്രശ്നരഹിതം അവന്‌ കോളേജ് ജീവിതം. മേല്‌പറഞ്ഞ നാടകം

അരങ്ങേറാറായി. എന്നു വച്ചാല്‌ നായകനൊഴികെ ബാക്കി എല്ലാരും മേയ്ക്കപ്പിട്ട് (നല്ല കട്ടിയിൽ പൌഡറും ഇത്തിരി കണ്മഷിയും. എല്ലം സംവിധായകന്റെ വക) തയ്യാറായി. വില്ലന്‌ സ്വറ്ണ്ണത്തിന്റെ വീതിക്കസവുള്ള മുണ്ട് സംവിധായകൻസ്വന്തം അമ്മേടെ നേരിയതു കൊണ്ട്‌വന്ന്‌ ഒപ്പിച്ചു. ആർക്കും ഡയലോഗോ മൂവ്മെന്റൊ കൃത്യമായി അറിയില്ല. എന്നാല്‌ അതിലൊരുപോരായ്മയും ഞങ്ങക്ക് തോന്നിയില്ല. സ്റ്റേജില്‌ സ്വന്തമായി ഡയലോഗിടാമെന്നാണ്‌ സംവിധായകനായ തേൾഗിലറിയതെയുള്ള അഭിനേതാക്കാളുടെ പരസ്പര ധാരണ. പതിവ് പോലെ താമസിച്ച് പോലും നമ്പുവന്നില്ല. നാടകം നടന്നില്ല. എല്ലാരും കുപിതരായി. ഉള്ളാലെ തികഞ്ഞ് സന്തുഷ്ടരും. കാരണം ഞങ്ങളേപ്പോലെ തന്നെ നന്നായി കൂവുന്നോരാണ്‌ കാണാനിരിക്കുന്നവരും. ഒപ്പം പറയേണ്ടത് വില്ലനായ നമ്മെ ഉടുപ്പിച്ച നേരിയത് അക്ഷരാർഥത്തിൽ നേരിയതായിരുന്നു. അതും ഉടുത്ത് സ്റ്റേജില്‌ കേറിയിരുന്നെങ്കില്‌ അർത്ഥതാര്യ വസ്തുവിനു ഉദാഹരണമായി നിന്ന് മാനം പോയേനെ. അന്നു കൃത്രിമ ദേഷ്യം കാട്ടി കളിയാക്കിയെങ്കിലും മേല്പറഞ്ഞ ദുര്യോഗത്തില്‌ നിന്നും ഒഴിവാക്കി തന്നതിന്റെ കടപ്പാട് ഇനിയും പറഞ്ഞിട്ടില്ല. അതിനാല്‌ തീർന്നിട്ടുമില്ല.

നമ്പൂന്റെ സമയനിഷ്ടയ്ക്കും നിഷ്കളങ്കതയ്ക്കും വേറോരുദാഹരണം. പതിവ് പോലെ നമ്പു അന്നും കൃത്യം ഉച്ചതിരിഞ്ഞ് കോളേജിലെത്തീ. അന്നാണേല്‌ ലാബുണ്ട്. ലാബില്‌ ഞങ്ങളാൽ കണ്ടെത്തേണ്ട പുതിയ തത്വങ്ങളോ പ്രതിഭസങ്ങളോ ഇല്ലെന്നും ശാസ്ത്രരീതിയാണ്‌ അവിടെ പഠിക്കേണ്ടതെന്നും മാഷ്-ബാബു മാഷ്- പണ്ടെ പറഞ്ഞിട്ടുണ്ട്. പലരാല്‌ പലവട്ടം ആവർത്തിച്ച അഭ്യാസങ്ങളാണ്‌ ഞങ്ങളും ചെയ്യുന്നത്. മാഷിനതറിയാം. പക്ഷേ സ്പെക്ട്രോമീറ്ററിലെ ടെലിസ്കോപ്പിന്റെ ഫോക്കസിലേക്ക് ഞങ്ങളാവാഹിച്ചിരുന്ന സുന്ദര രൂപങ്ങള്‌ പുതുപുത്തനാണെന്ന് മാഷിനോട് പറായാനൊക്ക്വോ. ഉച്ചതിരിഞ്ഞ് ഞങ്ങള്‌ ശാസ്ത്രം പരീക്ഷിക്കും. മാനവീക വിഷയജ്ഞകളൂം വിഷയജ്ഞരും ലാബിനു മുന്നിലെ നീണ്ട പടവുകളിലുപസ്ഥിതരായി പുതുമാനവികത സൃഷ്ടിക്കുകയാകും അന്നേരം. അതിനെ തലകീഴായി ടെലിസ്കോപ്പ് ലാബിലെത്തിക്കും. പറഞ്ഞു വന്നത് നമ്പുവിന്റെ നിഷ്ഠയാണ്‌. സാറിന്റെ മുന്നില്‌ മുരളി നിന്നുരുകുന്ന നേരത്താണ്‌ നമ്പുവിന്റെ ആഗമനം. അവന്‌ നേരെ ലാബിലേക്ക് പോരാം. ഞങ്ങളാരായാലും ആ അവസരതില്‌ മുരളിയെ ആശ്വസിപ്പിക്കൻ അതിനിടയിൽ ചാടില്ല. പക്ഷേ ഇത് ടൊട്ടോ ആണ്‌. ആള്‌ വേറേ. സാറ് അവനെ നോക്കുന്നില്ല. മാഷിന്റെ ശ്രദ്ധ മുഴുവനും മുരളീലാണ്‌. ടൊട്ടോയ്ക്ക് മിണ്ടാതെ പോകാൻ പറ്റ്വോ. വന്ന വഴി ആള്‌ പ്രസ്ഥാവിച്ചു." സാറേ നട അടയ്ക്കാൻ തുടങ്ങീതാ. ദാ വരണൂ ഒരെള്ളു പായസം." മാഷ് അപ്പഴാണ്‌ ടോട്ടോയെ ശ്രദ്ധിക്കണത്. മാഷും, പറഞ്ഞ് വന്നാല്‌ യോഗക്ഷേമസഭക്കരുടേ ഇടയിലെ ആളാന്നേ. ആ മാഷിനറിയില്ലേ ഒരെള്ളുപായസം വെന്ത് വാങ്ങി പൂജിച്ച് കൊടുക്കുമ്പഴേക്കും കാലതാമസം വരൂന്ന്. ഉച്ചകഴിഞ്ഞ് പൂജാരിക്ക്(അയ്യോ തിരുമനസ്സിന്‌) കോളേജില്‌ ഫിസിക്സ് ലാബുണ്ടെന്ന് കരുതി അമ്പലത്തില്‌ ഗ്യാസടുപ്പും കുക്കറും ആക്കാനൊക്ക്വോ. ഇതൊക്കെ ടോട്ടോമാനസത്തില്‌ ഉണ്ടായിരുന്നൊ. അറിയില്ല. എന്തായാലും മുരളി നന്ദിയോടെ ഇങ്ങനെ സ്മരിക്കുന്നു. 'ടൊട്ടോയുടെ സമയോചിതമായ ഇടപെടല്‌ കാരണം രക്ഷപ്പെട്ട് ലാബിലേക്കെത്തി. ടൊട്ടോയും മാഷും അന്ന് ലാബിലെത്തിലെത്തീതേയില്ല. അത്രയേറെ അവർക്ക് തമ്മില്‌ അല്ല മാഷിന്‌ അവനോട് പറയാനുണ്ടായിരുന്നു.

ഫിസിക്സ് പഠനക്കാരില്‌ നൂറ് ശതമാനം വിജയം എന്ന മാന്ത്രിക അക്കത്തിലേയ്ക്, പണ്ട് ബ്രാഡ്മാന്‌ പറ്റിയ പോലത്തെ അബദ്ധമൊന്നും പറ്റാതെ ആദ്യം എത്തിയത് ബാബു മാഷിന്റെ ഞങ്ങളായിരുന്നു. ആ അത്ഭുതകൂട്ടത്തില്‌ ഉന്നത വിജയം നേടിയവരില്‌ ഒരാളായി (രണ്ടാം ക്ലാസ്സ് ഫിസിക്ക്സ് ബിരുദം. ഫിസിക്സ് ഫസ്റ്റ്ക്ലാസ്സെന്നു ഒരു മോഹൻലാൽ കഥാപാത്രവും മേനിപറഞ്ഞ് നടന്നിട്ടില്ല) നമ്പുവും കോളേജ് വിട്ടു.പലവഴിയ്ക്ക് പിരിഞ്ഞ ശാസ്ത്രമുകുളങ്ങളീലെ ഈ ടോട്ടോ മുകുളം തിരിഞ്ഞത് മാനേജ്മെന്റിലേക്കായിരുന്നു. സഹായത്തിനെത്തിയ ബാങ്കിന്റെ മാനേജറ്‌ ആഴ്ചതോറും വിളിക്കുമായിരുന്നത്രേ. ടൊട്ടോടെ പഠന വിവരം അറിയാൻ. എന്തിന്‌ ഞങ്ങള്‌ വീട്ടുകാര്‌ പോലും അങ്ങനെ അന്വേഷിച്ചിട്ടില്ല. എന്തായാലും മാനേജറുടെ ഭാഗ്യം. നല്ലൊരു മാനേജ്മെന്റ് വിദഗ്ധനായിത്തന്നെ നമ്പു പുറത്തിറങ്ങി. അതെങ്ങനെ സാധിച്ചു എന്നത് "ചുരുളഴിയാത്ത രഹസ്യങ്ങള്‌" എന്ന തലക്കെട്ടില്‌ ഭാവിതലമുറ ബാലരമയില്‌ വായിക്കും.( ബാലരമേം അത് വായിക്കണ പിള്ളേരും ബാക്കി ഉണ്ടായാല്‌). ഇനി ഏതൊരു മനേജ്മെന്റ് പഠിതാവിനേയും പോലെ തൊഴിലന്വേഷണം. തൊഴില്‌ കിട്ടുന്നു. അത് കളയുന്നു. വെറുതിരിക്കുന്നു. പിന്നേം തോഴില്‌ കിട്ടുന്നു. അങ്ങനെ സരസമനോഹരമായി പണ്ട് ഫോൺനമ്പര്‌ പറാഞ്ഞപ്പം നമ്പൂന്റെ തിരുവായീന്നൊഴുകിയ മുറുക്കാഞ്ചാറ്‌ പോലെ അഭംഗുരം കാലമൊഴുകവേ സമക്ഷത്ത് സാമ്പത്തികമാന്ദ്യം. ശമ്പളത്തില്‌ കുറഞ്ഞാലും മുറുക്കാന്റെ വിലപോലും കുറയാത്ത ആഗോള പ്രതിഭാസം. പണ്ടത്തെ മുറുക്കാന്റേയും ചായയുടേം അങ്ങനെ പലതിന്റേം കടം അല്പാല്പം വീട്ടിവന്നപ്പോഴാണ്‌ മാന്ദ്യം. മാന്ദ്യത്തേ പറ്റി ബോസ്സ് പറയുന്നത് മനേജ്മെന്റും അതില്‌ കുറച്ച് ഇക്കണോമിക്സും പഠിക്കയാല്‌ ഈ (ഏത്) ടോട്ടോയ്ക്കും മനസ്സിലാകും. പക്ഷേ കാശ് വാങ്ങാൻ വരുന്നവര്‌ ചെലപ്പോ ഇത്യാതി വിഷയങ്ങളിൽ അവഗാഹമില്ലാത്തവരാകും. അവര്‌ പറയണ ഭാഷ ടൈ കെട്ടിക്കഴിഞ്ഞ ബോസ്സിനോട് പറായാനൊക്ക്വോ. പറഞ്ഞേനെ പണ്ട് അമ്പികാമഠത്തിലും കർത്താവുംപടിയിലും പോയി വന്ന ചേലിലായിരുന്നെങ്കിൽ. പക്ഷേ ഇപ്പൊ കഴിക്കണത് ശീതീകരിച്ച മുറിയിൽ ശീതീകരിച്ച് വച്ച സ്വദേശനിർമ്മിത വിദേശിയാകയാല്‌ വയ്യ. (അമ്പികാമഠം, കർത്താവുംപടി ഐരാപുരം പഠിതാക്കളൂടെ ഗൃഹാതുരതയിൽ അമൃതം വർഷിക്കും ഷാപ്പുകൾ കുടികൊള്ളുമിടം.)കേരളത്തില്‌ വില ഇടിയാത്തതായി എന്തുണ്ട്. റബ്ബറിന്‌ തല്‌ക്കാലം നല്ല വിലയുണ്ട്. പക്ഷേ ടൊട്ടോയ്ക്ക് റബ്ബറില്ല. പൂജയ്ക്ക് നല്ല മാർക്കറ്റുണ്ട്. പക്ഷേ ഇപ്പോ പൂജാരി അല്ല. സ്വർണ്ണത്തിന്‌ കുതിച്ചേറുന്ന വിലയുണ്ട്. പക്ഷേ പിറവി അലൂക്കാസിലും ആലപ്പാട്ടിലും ഭീമയിലുമൊന്നും അല്ല. കേരളമഹാരാജ്യത്ത് മാന്ദ്യകാലത്തും വിലയിടിയാത്തതായി ഇനി ഒന്നേ ബാക്കിയൊള്ളൂ- സ്ത്രീധനം. ടൊട്ടോ പണ്ട് രക്ഷപ്പെടുത്തിയ മുരളി ഇതിനടീയില്‌ പൂനയില്‌ പോയി മനേജ്മെന്റ് പഠിച്ച് ജോലിവാങ്ങി. കെട്ടുകേം ചെയ്തു. ഇക്കാലത്തിനിടയ്ക്ക് ഒരേഒരുവട്ടം നാട്ടില്‌ വന്നുപോവുകയും ചെയ്തു. അപ്പോ കടം തീർക്കാൻ വേളി. പെങ്കുട്ടി പണ്ട് ഒപ്പം പഠിച്ചതാണെന്നൊ ചുഴിഞ്ഞാലോചിച്ചാല്‌ അയല്പക്കകാരിയാണെന്നോ ഒക്കെ ശങ്കറ്‌സാറും അച്ചായനും പറയും. സാരമാക്കാനില്ല. (ശങ്കറേപറ്റി മുന്നേ പറഞ്ഞപ്പം അച്ചായനെ മറന്നതല്ല. അവസരം നോക്കീരുന്നതാണ്‌. ശങ്കറ്‌ ഇങ്കൈയ്യാകുമ്പോൾ അച്ചായൻ വലങ്കൈ. ശങ്കറ് വലങ്കൈയ്യാകുമ്പോൾഅച്ചായൻ ഇടങ്കൈ. അത്ര കൂട്ടാണവര്‌. എന്തിനു അച്ചായനെന്ന ഈ പേരുപോലും ശങ്കറാല്‌ സമർപ്പിതം).

വേളിക്ക് മുന്ന് നിശ്ചയം എന്ന വല്യ ചടങ്ങുണ്ട്. നാട്ട്നടപ്പ് പ്രകാരം രാവെളുക്കുവോളാം മോബൈൽ കമ്പനിക്കാർക്ക് സമ്പാദ്യം ഉണ്ടാക്കി കൊടുക്കാൻ മുൻപരിചയരഹിതരായ പെണ്ണിനും ചെറുക്കനും ലൈസൻസ് കൊടുക്കുന്ന ഇടപാടാകുന്നു നിശ്ചയം.നിശ്ചയത്തിനും മൊഹൂർത്തമൊക്കെയുണ്ടെന്ന് ലോകലൌകീകർ സമ്മതിച്ചിട്ടൂള്ളതാകുന്നു. എന്നു വച്ചാല്‌ നിശ്ചയം മുഹൂർത്തത്തില്‌ തന്നെ നടക്കണം. ഇനിയാണ്‌ ചീട്സ് എന്ന ഞങ്ങടെ ചീടാൻ അരങ്ങത്തെത്തുന്നത്. ഇവിടെ രംഗപ്രവേശം വൈകിയത് കൊണ്ട് ആപ്രധാന കധാപാത്രണെന്ന് കരുതരുത്. രാഗഹേമന്ദസന്ധ്യപൂക്കുന്ന രാമണയകം കണ്ടൂ ഞാൻ... എന്ന ഗാനം തികഞ്ഞ മനോഹാരിതയോടേ ഇംഗ്ലീഷ് ക്ലാസ്സില്‌ ബാക്കിവന്ന ഇത്തിരി നേരത്ത് ടീച്ചറിന്റെ പ്രത്യേകതല്പര്യപ്രകാരം പാടി പെങ്കുട്ട്യോളുടെ ഇഷ്ടോം ഞങ്ങടെ ഇഷ്ടക്കേടും ആദ്യത്തെ കൊല്ലം തന്നെ നേടിയെടുത്ത വിദ്വാനാണ്‌. (സംഗതികളേക്കുറിച്ച് ഞങ്ങക്ക് മാത്രമല്ല ഭൂമിമലയാളം മൊത്തം അജ്ഞരായിരുന്നത് അന്നവന്‌ ഗുണമായി. ഇന്നായിരുന്നേല്‌ കാണായിരുന്നു. ചീടാ പാട്ട് നന്നായി കേട്ടോ. എന്നാലും സെക്ക്ന്റ് ചരണത്തിലെ മൂന്നാം വാക്കില്‌... അതവന്റെ ടൈം.) പിന്നീട് കോളേജിന്റെ ആസ്ഥാന ഗായകനായി വിദ്വാൻ. ആരാധികമാരിലൊരാള്‌ ഒരുമ്മ തരട്ടേന്ന് ചോദിച്ചാല്‌ ,അവള്‌ സുന്ദരി അല്ലേല്‌, വേണ്ടാ എന്ന് പറയുന്ന പാവം. ഇനിയിപ്പോ സുന്ദരി ആയാലും അവൻ വേണ്ടാന്നേ പറായൂ. ഞെട്ടണ്ടാ ഒരുമ്മ വേണ്ടാ. രണ്ടെണ്ണം ആയ്ക്കോട്ടേ. ലൈബ്രറിയുടെ അങ്ങേവശത്ത് ആരുമില്ലെന്നു പ്രതിവചിക്കണ പഞ്ചപ്പാവം. ഈ പാവംമാനവഹൃദയം ടോട്ടോയുടെ ആടുത്ത ആതമാർത്ഥ കൂട്ടുകാരനും കൂടിയാകുന്നു. അക്കാലത്ത് രണ്ടും പൊറുതി ഒരിടത്ത്. പിന്നെ വല്ലപ്പോഴും ഒക്കെ സമയത്ത് വരണ സ്വഭാവം ചീടനുണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങളറിയാവുന്ന അച്ചായനും ശങ്കറും അടുത്ത് തന്നെ തിരുമൊഴിയുതിറ്ക്കുമായിരിക്കും.

ലക്ഷാർച്ചനക്കുമുതൽ കഥകളിക്ക് വരെ ഒന്നിച്ച് പോകുന്ന സൌഹൃദം. നമ്പു പതിവുപോലെ താമസിച്ച് വരുന്ന ഇടങ്ങളിൽ അവന്‌ താലക്കാലിക പകരക്കാരനാവുക നമ്മുടെ ചീടനാണ്‌. വേളി നിശ്ചയത്തിന്‌ നേരവുംകാലവും കുറിച്ചു. ആളുകളൊക്കെ എത്തിപ്പെട്ടു. നാലുംകൂട്ടിമുറുക്കലും നാല്‌ വിശേഷം പറയലും തകൃതിയായി നടക്കുന്നു. ആളുകളങ്ങനാണ്‌. എന്നും കാണുന്ന മിണ്ടാത്തവര്‌ക്കും ഇങ്ങനത്തെ വിശേഷാൽ ദിനങ്ങളില്‌ പെരുത്ത് പറയാനുണ്ടാകും. ഒരാളെ മാത്രം കാണാനില്ല. നമ്മുടേ ടൊട്ടോയെത്തന്നെ. മുഹൂറ്ത്തം അറിയാഞ്ഞിട്ടോ അതിന്റെ പ്രാധാന്യം അറിയാഞ്ഞിട്ടോ അല്ല. ആ നേരത്ത് ഒഴിവാക്കാനാകാത്ത് ഒന്നു വന്നുചേർന്നു. പോയി സമയത്ത് വരാവുന്നതേ ഓള്ളു. അങ്ങനാണ്‌ ടൊട്ടോ പുറപ്പെട്ടത്. സമയമടുക്കുന്നു. ടോട്ടോയെ അറിയാവുന്ന വീട്ടുകാറ്ക്ക് അങ്കലാപ്പായിത്തുടാങ്ങി. പൂജാദിചടാങ്ങുകളൊത്തിരി ഉള്ളതാണ്‌. ടൊട്ടോയെ നന്നായി അറിയാവുന്ന ചീടനങ്ങിനെ കൂസലില്ലാതെ നിൽക്കുമ്പം ദാ വരണു ടൊട്ടോടേ കാള്‌. "ചീടാ ഒന്നു മുറുക്കാനായി വണ്ടി നിർത്തീപ്പം ഇറങ്ങിതാ. വണ്ടി മിസ്സായി. ഇനി കാറ് വിളിച്ചാലും മുഹൂർത്തതിന്‌ എത്താനൊക്കില്ല. നീ ഒരുകാര്യം ചെയ്യ് തൽകാലം ഞാൻ എത്തും വരെ കല്യാണച്ചെക്കന്റെ സ്ഥനത്തിരുന്ന് പൂജയൊക്കെ ഒന്നു ചെയ്യ്. എന്തായലും ഇല ഇടാറാകുമ്പഴേക്കും ഞാനെത്തും". ചീടനെന്തു ചെയ്യും. അവനും സ്വന്തമായി വേളി വേണം എന്നൊക്കെയുള്ളതല്ലേ. വീട്ടുകാരെന്തുചെയ്യും. മുഹൂർത്തം തെറ്റിക്കാനൊക്കുമോ? ചെക്കനില്ലാതെ പൂജ പറ്റുമോ?

ശേഷം ചിന്ത്യം എന്നെഴുതി എനിക്ക് വേണേലവസാനിപ്പിക്കം. പക്ഷേ എന്തായാലും ടൊട്ടോയുടെ വേളി ഉറച്ചു. അടുത്ത് തന്നെ വേളീണ്ടാകും. അന്നു ടൊട്ടോ വഴിക്ക് മുറുക്കാനെറങ്ങമോ? ചീടനന്നും സമയത്തുണ്ടാകുമോ? ഇത്യാദി ചോദ്യങ്ങൾക്ക് ഭാവിയെക്കുറിച്ചുള്ളവയാകയാൽ അഭിപ്രയം പറയുന്നില്ല. എന്തായാലും രാജുച്ചേട്ടാനും തിരുമനസ്സിനും സംഖ്യ കിട്ടുമായിരിക്കും വേളി ഉറച്ചല്ലോ.ഞങ്ങടെ ടോട്ടോയ്ക്ക് ഭാസുരമായ ജീവിതം നേരാൻ നിങ്ങളൂം കൂടുമല്ലോ. കടപ്പാട്: ശങ്കറിനും അച്ചായനും.NB:മേല്പറഞ്ഞവ നടന്നതാണോ? നടക്കാവുന്നതാണോ? ടൊട്ടോയെ അറിയാവുന്ന ആരും ഈ എഴുത്തിന്‌ എതിരഭിപ്രായം പറയില്ല. എന്തിനു ടൊട്ടോയോട് ചോദിക്കൂ.ഒരാളൊന്ന് മുറുക്കനിറങ്ങി. വണ്ടി മിസ്സായി.കല്യാണമൊഹൂർത്തത്തില്‌ വരാനായില്ല. മോശമായോ?ടൊട്ടോ ഇപ്രകാരം പ്രതിവചിക്കും. വിവാഹ മുഹൂർത്തത്തിന്‌ വരാതിരിക്കലില്‌ വല്യകാര്യമില്ല മുറുക്കുമ്പോഴ് അടയ്ക ചൊറുക്കാതിരുന്നാ മതി.

Wednesday, May 12, 2010

namasthe

നമസ്തേ ഫ്രണ്ട്സ്